ആയഞ്ചേരിയില് ഗതാഗതക്കുരുക്കിനോടൊപ്പം സംഘര്‍ഷവും

>> Friday 16 September 2011

ആയഞ്ചേരിയില്  ഗതാഗതക്കുരുക്കിനോടൊപ്പം സംഘര്‍ഷവും


 
ആയഞ്ചേരി: ഗ്രാമപഞ്ചായത്തും പൊലീസ് അധികാരികളും ആവിഷ്‌കരിച്ച ടൗണ്‍ ഗതാഗത നിയന്ത്രണ പരിപാടി പാളി.   രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇതു കാരണം ടൗണില്‍ അനുഭവപ്പെടുന്നത്. വില്യാപ്പള്ളി റോഡിന് ആവശ്യമായ വീതിയില്ലാത്തതും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം പദ്ധതി നടപ്പാക്കിയത്.
ഇതുപ്രകാരം വാഹനങ്ങള്‍ നിര്‍ത്തേണ്ട സ്ഥലം അടയാളപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. തീക്കുനി ഭാഗത്തേക്കുള്ള ബസുകള്‍ കമ്യൂണിറ്റി ഹാളിന് സമീപവും കോട്ടപ്പള്ളി, വില്യാപ്പള്ളി വഴി വടകര ഭാഗത്തേക്ക് പോകേണ്ട ബസുകള്‍  പുതുശ്ശേരി ഹോട്ടലിന് സമീപവുമാണ് നിര്‍ത്തേണ്ടത്.
ഓട്ടോറിക്ഷകളും ടാക്‌സികളും നിര്‍ത്തേണ്ട സ്ഥലങ്ങളും അന്ന് നിര്‍ണയിച്ചിരുന്നു. ടൗണിലുണ്ടാകുന്ന തിരക്ക് കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പറ്റിയ തരത്തിലുള്ള പരിഷ്‌കാരങ്ങളായിരുന്നു ഇവ. എന്നാല്‍, ആദ്യത്തെ ഒന്നുരണ്ട് മാസങ്ങള്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നിലനിന്നെങ്കിലും പിന്നീട് ഡ്രൈവര്‍മാര്‍ തന്നെ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. ബസുകള്‍ ജങ്ഷനു സമീപം തന്നെ നിര്‍ത്തിയിടുന്നതും മറ്റു വാഹനങ്ങള്‍ തോന്നിയ സ്ഥലത്ത് പാര്‍ക്കുചെയ്യുന്നതുമാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ദിവസവും അഞ്ചും ആറും തവണയാണ് കുരുക്കുണ്ടാകുന്നത്. ഇതോടൊപ്പം സംഘര്‍ഷങ്ങളും പതിവാണ്. കഴിഞ്ഞദിവസം ഉണ്ടായ ഗതാഗതക്കുരുക്കിനോടൊപ്പം ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ടൗണ്‍ പരിഷ്‌കരണം നടന്നപ്പോള്‍ വില്യാപ്പള്ളി റോഡിന് വീതികൂട്ടിയിരുന്നില്ല. തീക്കുനി റോഡിന് വീതികൂട്ടിയപ്പോള്‍  വില്യാപ്പള്ളി റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനോ റോഡ് വീതികൂട്ടാനോ അധികൃതര്‍ തയാറായില്ല. ഇവിടെ ചെലവഴിക്കേണ്ട ഫണ്ട് ആവശ്യമില്ലാത്ത സ്ഥലത്ത് ചെലവഴിക്കുകയാണ് ചെയ്തത്.

Read more...

>> Monday 5 September 2011

ടൗണ്‍ ട്രാഫിക് പരിഷ്‌കരണത്തോട് മോട്ടോര്‍ തൊഴിലാളികള്‍ക്ക് എതിര്‍പ്പ്

ആയഞ്ചേരി: ആയഞ്ചേരി ടൗണിലെ ട്രാഫിക് പരിഷ്‌കരണ പദ്ധതിയോട് മോട്ടോര്‍ തൊഴിലാളികള്‍ക്ക് എതിര്‍പ്പ്. ടൗണില്‍ കച്ചവടക്കാര്‍ റോഡിലേക്ക് കെട്ടിയുണ്ടാക്കിയ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാതെ ട്രാഫിക് പരിഷ്‌കണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
ടൗണിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് കച്ചവടക്കാരുടെ നടപടി കാരണമാകുന്നതായി പരാതിയുണ്ട്. 2010 നവംബര്‍ 30ന് പഞ്ചായത്ത് ഓഫിസില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ടൗണിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് തൊഴിലാളി നേതാക്കള്‍ പരാതിപ്പെട്ടിരുന്നു.  ഇത്തരം അനധികൃത നിര്‍മിതികളില്‍ വാഹനങ്ങള്‍ തട്ടുന്നത് സംഘര്‍ഷം ഉണ്ടാക്കാറുണ്ടെന്നും വാഹന ഉടമകള്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇവ പൊളിച്ചുമാറ്റാന്‍ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടികള്‍ എടുക്കാന്‍ പഞ്ചായത്ത് കൂട്ടാക്കിയില്ല.
മോട്ടോര്‍ തൊഴിലാളികളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ ട്രാഫിക് പരിഷ്‌കരണം ഇനിയും നീളുമെന്നുറപ്പായി. വില്ല്യാപ്പള്ളി, തിരുവള്ളൂര്‍, കടമേരി റോഡുകളിലാണ് അനധികൃത നിര്‍മാണങ്ങള്‍ ഏറെ  ഉള്ളത്.

Read more...

മദ്‌റസകള്‍ മാനവിക മൂല്യങ്ങളുടെ വിളനിലം -ഹൈദരലി ശിഹാബ് തങ്ങള്‍

ആയഞ്ചേരി: മദ്‌റസകള്‍ മാനവിക മൂല്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിളനിലങ്ങളാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍. മംഗലാട് തര്‍ബിയത്തുസ്സിബിയാന്‍ സെക്കന്‍ഡറി മദ്‌റസക്കുവേണ്ടി 23 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം  ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. പിഞ്ചുമനസ്സുകളില്‍ മൂല്യബോധത്തിന്റെ വിത്തുപാകി നന്മയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസമാണ് മദ്‌റസകളില്‍ നല്‍കുന്നതെന്നും അതൊരിക്കലും തീവ്രവാദത്തിനോ സ്‌പര്‍ദക്കോ ആഹ്വാനം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉപഹാരം നല്‍കി. മദ്‌റസയില്‍ 35 വര്‍ഷം സേവനമനുഷ്ഠിച്ച പാലേരി അമ്മദ് മുസ്‌ലിയാര്‍, 28 വര്‍ഷം സേവനം ചെയ്ത അക്കരോല്‍ മൊയ്തു മുസ്‌ലിയാര്‍ എന്നിവരെ ആദരിച്ചു. ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാലയില്‍നിന്ന് അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് നേടിയ വി. മുനീര്‍, അലീഗഢ് സര്‍വകലാശാലയില്‍നിന്ന് ഉന്നത വിജയം നേടിയ എം.കെ. ആരിഫ്, മദ്‌റസാ കെട്ടിട നിര്‍മാണ കരാറുകാരന്‍ പി.പി. നൗഷാദ് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.
സി.വി. പോക്കര്‍ഹാജി അധ്യക്ഷത വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍, കോട്ടുമല ബാപ്പുമുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സി.എച്ച്. മഹമൂദ് സഅദി, ടി.പി. ഷംസുദ്ദീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. ആദില്‍ ബിന്‍ അലി സദൂന്‍ അല്‍ മെഹരി ദുബൈ പരിപാടിയില്‍ പങ്കെടുത്തു. അബ്ദുല്ല പുതിയേടുത്ത് സ്വാഗതവും അക്കരോല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

Read more...

നാട്ടുമാവുകള്‍ കുറഞ്ഞുവരുന്നതായി കുട്ടികളുടെ പഠനം

ആയഞ്ചേരി: ഒരുകാലത്ത് വീട്ടുവളപ്പുകളില്‍ തലയുയര്‍ത്തി നിന്നിരുന്ന നാട്ടുമാവുകള്‍ കുറഞ്ഞുവരുകയാണെന്ന് സ്‌കൂള്‍ കുട്ടികളുടെ കണ്ടെത്തല്‍. കോട്ടപ്പള്ളി എല്‍.പി. സ്‌കൂള്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ 120 വീടുകള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. സര്‍വേ നടത്തിയ വീടുകളില്‍  15 വര്‍ഷം മുമ്പുണ്ടായിരുന്ന 514 മാവുകളില്‍ 236 എണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
പ്രത്യേക പരിചരണമോ വളപ്രയോഗമോ കൂടാതെ വളരെക്കാലം നിലനില്‍ക്കുന്ന നാട്ടുമാവുകളുടെ ഇല, തടി, ഫലം എന്നിവ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.  നാട്ടുമാവുകള്‍ നട്ടുവളര്‍ത്താന്‍ ആരും ഇപ്പോള്‍ താല്‍പര്യമെടുക്കുന്നില്ല. ഒളോര്‍, ഒട്ടുമാവ്, സേലന്‍ എന്നീ ഇനങ്ങള്‍ നട്ടുവളര്‍ത്താനാണ് ജനങ്ങള്‍ക്ക് താല്‍പര്യം. ഇവ ചുങ്ങിയ കാലംകൊണ്ട് ഫലം തരുന്നവയാണ്.
ഇതോടൊപ്പം നാട്ടുമാങ്ങകളുടെ പല വിഭവങ്ങളും ഇല്ലാതായിട്ടുണ്ട്. കണ്ണിമാങ്ങ ഉപ്പിലിട്ടത്, പഴുത്ത മാങ്ങ ചെത്തി ഉണക്കിയത്, നാട്ടുമാങ്ങ അച്ചാര്‍ എന്നിവ ഇന്ന് കിട്ടാനേയില്ല.
അവശേഷിക്കുന്ന മാവുകള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും വനവത്കരണ പരിപാടിയില്‍ നാട്ടുമാവിന്‍തൈകള്‍ ഉള്‍പ്പെടുത്തണമെന്നും കുട്ടികള്‍ ആവശ്യപ്പെടുന്നു.

Read more...

ചന്ത എവിടെയുണ്ടോ അവിടെ കല്‍ച്ചട്ടിയും ഗോവിന്ദസ്വാമിയുമുണ്ട്

ചന്ത എവിടെയുണ്ടോ അവിടെ കല്‍ച്ചട്ടിയും ഗോവിന്ദസ്വാമിയുമുണ്ട്




ആയഞ്ചേരി: സേലം ജില്ലയിലെ മേട്ടൂര്‍ ഗ്രാമത്തില്‍നിന്ന് കച്ചട്ടിയുമായി കടത്തനാട്ടിലെത്തിയ ഗോവിന്ദസ്വാമിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍. ചന്തകളില്‍നിന്ന് ചന്തകളിലേക്ക് നൂറുകണക്കിന് കല്‍ച്ചട്ടികളുമായി സഞ്ചരിക്കുകയാണ് ഈ അറുപത്തഞ്ചുകാരന്‍. ഇപ്പോള്‍ കല്ലേരി ചന്തയില്‍ കല്‍ച്ചട്ടികള്‍ വില്‍ക്കുകയാണ് ഗോവിന്ദസ്വാമി. പിന്നീട് കുറ്റിയാടിച്ചന്തയാണ് ഇയാളുടെ ലക്ഷ്യം.
ഗോവിന്ദസ്വാമിയുടെ കുടുംബം പണ്ടുമുതലേ കല്‍ച്ചട്ടി നിര്‍മാണത്തിലും വിപണനത്തിലും പേരുകേട്ടവരാണ്. ഗോവിന്ദസ്വാമി ആദ്യം കല്‍ച്ചട്ടി നിര്‍മിക്കുന്ന തൊഴിലാളിയായിരുന്നു. ചെറുപ്പത്തിലേ ഇതായിരുന്നു തൊഴില്‍.
20 വര്‍ഷം മുമ്പാണ് കല്‍ച്ചട്ടിവില്‍പന തുടങ്ങിയത്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന കല്ല് കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ എത്തിക്കുന്നു.
അവിടെനിന്നാണ് കല്ലുകളും വിവിധതരം ഉല്‍പന്നങ്ങളും വിവിധ ചന്തകളിലെത്തിക്കുന്നത്. കല്‍ച്ചട്ടിയുടെ മഹത്വം അറിഞ്ഞ് ധാരാളംപേര്‍ കല്‍ച്ചട്ടി വാങ്ങാനെത്തുന്നു. നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കാന്‍ വീട്ടമ്മമാരെ കല്‍ച്ചട്ടി സഹായിക്കുന്നു.
എന്നാല്‍, അസംസ്‌കൃത സാധനങ്ങള്‍ക്ക് വില കൂടിയതും വണ്ടിക്കൂലി വര്‍ധിച്ചതും കാരണം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടിവരുന്നു. ചെറിയൊരു കല്‍ച്ചട്ടിക്ക് 150 രൂപയോളം വിലയുണ്ട്.
ഗോവിന്ദസ്വാമിയുടെ മക്കളാരുംതന്നെ ഈ ബിസിനസില്‍ ഇല്ല. ഭാര്യയും മക്കളും നാട്ടിലാണുള്ളത്.

Read more...

വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധ: 40ഓളം പേര്‍ ചികിത്സ തേടി

ആയഞ്ചേരി: കല്യാണവീട്ടിനിന്ന് ഭക്ഷ്യവിഷബാധയേറ്റ് 40ഓളം പേര്‍ ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തി. തറോപ്പൊയില്‍ കുനിയില്‍ സൂപ്പിയുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയും ബാധിച്ചത്.
കല്ലുംപുറത്ത് അമീറ, കുഞ്ഞിസൂപ്പി, വട്ട്യാംകാട്ടില്‍ മറിയം, മനത്താനത്ത് സൂറ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
വില്യാപ്പള്ളി, പള്ളിയത്ത്, തറോപ്പൊയില്‍, ആയഞ്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.  പനി, വയറിളക്കം, ഛര്‍ദി, മറ്റു അസ്വസ്ഥതകള്‍ എന്നിവ കണ്ടതിനെതുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടി എത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു വിവാഹമെങ്കിലും തിങ്കളാഴ്ച മുതലാണ് രോഗബാധ തുടങ്ങിയത്.
വെള്ളത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് കരുതുന്നു. വെള്ളത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും സാമ്പിളുകള്‍ കോഴിക്കോട് മലാപ്പറമ്പിലുള്ള റീജ്യനല്‍ ക്ലിനിക്കില്‍ പരിശോധനക്കായി അയച്ചുകൊടുത്തു.
രണ്ടാഴ്ച കഴിഞ്ഞേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ. ഗ്രാമപഞ്ചായത്ത് അധികൃതരും ഹെല്‍ത്ത് വിഭാഗവും ചേര്‍ന്ന് സ്ഥലത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി.

Read more...
previous
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP