>> Monday, 5 September 2011

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ആയഞ്ചേരി

ആയഞ്ചേരി: ഗ്രാമപഞ്ചായത്തും പൊലീസ് അധികാരികളും ആവിഷ്‌കരിച്ച ടൗണ്‍ ഗതാഗത നിയന്ത്രണ പരിപാടി പാളി.   രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇതു കാരണം ടൗണില്‍ അനുഭവപ്പെടുന്നത്. വില്യാപ്പള്ളി റോഡിന് ആവശ്യമായ വീതിയില്ലാത്തതും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം പദ്ധതി നടപ്പാക്കിയത്.
ഇതുപ്രകാരം വാഹനങ്ങള്‍ നിര്‍ത്തേണ്ട സ്ഥലം അടയാളപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. തീക്കുനി ഭാഗത്തേക്കുള്ള ബസുകള്‍ കമ്യൂണിറ്റി ഹാളിന് സമീപവും കോട്ടപ്പള്ളി, വില്യാപ്പള്ളി വഴി വടകര ഭാഗത്തേക്ക് പോകേണ്ട ബസുകള്‍  പുതുശ്ശേരി ഹോട്ടലിന് സമീപവുമാണ് നിര്‍ത്തേണ്ടത്.
ഓട്ടോറിക്ഷകളും ടാക്‌സികളും നിര്‍ത്തേണ്ട സ്ഥലങ്ങളും അന്ന് നിര്‍ണയിച്ചിരുന്നു. ടൗണിലുണ്ടാകുന്ന തിരക്ക് കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പറ്റിയ തരത്തിലുള്ള പരിഷ്‌കാരങ്ങളായിരുന്നു ഇവ. എന്നാല്‍, ആദ്യത്തെ ഒന്നുരണ്ട് മാസങ്ങള്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നിലനിന്നെങ്കിലും പിന്നീട് ഡ്രൈവര്‍മാര്‍ തന്നെ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. ബസുകള്‍ ജങ്ഷനു സമീപം തന്നെ നിര്‍ത്തിയിടുന്നതും മറ്റു വാഹനങ്ങള്‍ തോന്നിയ സ്ഥലത്ത് പാര്‍ക്കുചെയ്യുന്നതുമാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ദിവസവും അഞ്ചും ആറും തവണയാണ് കുരുക്കുണ്ടാകുന്നത്. ഇതോടൊപ്പം സംഘര്‍ഷങ്ങളും പതിവാണ്. കഴിഞ്ഞദിവസം ഉണ്ടായ ഗതാഗതക്കുരുക്കിനോടൊപ്പം ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ടൗണ്‍ പരിഷ്‌കരണം നടന്നപ്പോള്‍ വില്യാപ്പള്ളി റോഡിന് വീതികൂട്ടിയിരുന്നില്ല. തീക്കുനി റോഡിന് വീതികൂട്ടിയപ്പോള്‍  വില്യാപ്പള്ളി റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനോ റോഡ് വീതികൂട്ടാനോ അധികൃതര്‍ തയാറായില്ല. ഇവിടെ ചെലവഴിക്കേണ്ട ഫണ്ട് ആവശ്യമില്ലാത്ത സ്ഥലത്ത് ചെലവഴിക്കുകയാണ് ചെയ്തത്.

Read more...

വിമതരെ പിന്‍വലിക്കാന്‍ അണിയറ നീക്കങ്ങള്‍ സജീവം

വിമതരെ പിന്‍വലിക്കാന്‍ അണിയറ നീക്കങ്ങള്‍ സജീവം

ആയഞ്ചേരി: വിമത സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിക്കാന്‍ ഇരു മുന്നണികളിലും അണിയറ നീക്കങ്ങള്‍ സജീവമായി.
ആയഞ്ചേരി പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ഔദ്യോഗിക മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കാട്ടില്‍ മൊയ്തു മാസ്റ്റര്‍ക്കെതിരെ യൂത്ത്‌ലീഗിലെ വെള്ളിലാട്ട് സലാം ആണ് മത്സര രംഗത്തുള്ളത്. സ്ഥിരമായി മത്സരരംഗത്തുള്ളവര്‍ ജയസാധ്യതയുള്ള സീറ്റുകള്‍ കൈയടക്കുന്നത് പ്രവര്‍ത്തകര്‍ക്ക് അവസരം നഷ്ടമാകുന്നതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവള്ളൂര്‍ പഞ്ചായത്തില്‍ തോടന്നൂരിലും ഔദ്യോഗിക ലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗുകാരനായ ഇ.കെ. അബ്ദുല്ല പത്രിക നല്‍കിയിട്ടുണ്ട്.
വില്യാപ്പള്ളി പഞ്ചായത്തില്‍ യു.ഡി.എഫ് സീറ്റുധാരണയാവാത്തതില്‍  മുസ്‌ലിം ലീഗും കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതയും പരസ്‌പരം മത്സരിക്കാനൊരുങ്ങുകയാണ്. 12,16 വാര്‍ഡുകളിലാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും പത്രിക നല്‍കിയത്. 14ാം വാര്‍ഡില്‍ കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.ആയഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും തിരുവള്ളൂര്‍ പഞ്ചായത്തിലെ രണ്ട്, 19 വാര്‍ഡുകളിലും കോണ്‍ഗ്രസ്-എസ് പത്രിക നല്‍കി. ഇവിടെ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളുമുണ്ട്. വിജയ സാധ്യത അട്ടിമറിക്കുന്ന വിമതര്‍ക്കെതിരെ ഇരുമുന്നണികളും വാഗ്ദാനങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. ഒരു വോട്ടുപോലും നിര്‍ണായകമായിരിക്കെ വിമതരെ പിന്‍വലിക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍.

Read more...

പ്രിയപ്പെട്ട അധ്യാപകന്‍ ഓര്‍മയായി

പ്രിയപ്പെട്ട അധ്യാപകന്‍ ഓര്‍മയായി

പൈങ്ങോട്ടായി: വിദ്യാഭ്യാസ-കലാസാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന പൈങ്ങോട്ടായി-അത്തിക്കുളങ്ങര പയംവെള്ളി അബ്ദുറഹിമാന്‍ മാസ്റ്റര്‍ക്ക് കണ്ണീരോടെ വിട. വ്യാഴാഴ്ച മരിച്ച അബ്ദുറഹിമാന്‍ മാസ്റ്ററുടെ മൃതദേഹം വെളളിയാഴ്ച പൈങ്ങോട്ടായി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മുക്കം യു.പി. സ്‌കൂള്‍, വടകര എം.യു.എം യു.പി സ്‌കൂള്‍, ചേരാപുരം ഗവ. യു.പി. സ്‌കൂള്‍, ആയഞ്ചേരി ഗവ.  യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. കൂമ്പാറ ഗവ. യു.പി. സ്‌കൂളില്‍നിന്ന് ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.
തുടര്‍ന്ന് കലാസാംസ്‌കാരിക രംഗത്ത് സജീവമായ മാസ്റ്റര്‍ കൃഷി കൂട്ടായ്മയിലും പങ്കാളിയായി. മാസ്റ്ററുടെ വിയോഗത്തോടെ ഹൃദ്യമായ പെരുമാറ്റത്തിനുടമയായ ഗുരുവര്യനെയാണ് പൈങ്ങോട്ടായിക്ക് നഷ്ടമായത്.





Read more...

തകര്‍ന്ന റോഡുകളും നിലച്ച തോട് നിര്‍മാണവും പ്രചാരണ വിഷയങ്ങള്‍

ആയഞ്ചേരി: തകര്‍ന്നുകിടക്കുന്ന ഗ്രാമീണ റോഡുകളും നിലച്ച തോട് നിര്‍മാണവുമാണ് ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. ആയഞ്ചേരി -വേളം കോള്‍നില വികസനത്തിന്റെ ഭാഗമായുള്ള തോട് നിര്‍മാണം നിലച്ചത് ഇരു പഞ്ചാത്തിലെയും ജനങ്ങളില്‍ ചര്‍ച്ചാവിഷയമായി.
ജില്ലാപഞ്ചായത്ത് നബാര്‍ഡിന്റെ സഹായത്തോടെ ഒമ്പത് കോടി രൂപ ചെലവിലാണ് കോള്‍നില വികസന പദ്ധതി ആവിഷ്‌കരിച്ചത്.
ഇതിന്റെ ഭാഗമായി തുലാറ്റുംനട മുതല്‍ കുറ്റള്ളൂര്‍ വരെ പഴയ തോടിന് ആഴം കൂട്ടുക എന്നതാണ് ആദ്യ പ്രവര്‍ത്തനം. തോടിന് ആഴം കൂട്ടിയെങ്കിലും ഇരുവശങ്ങളിലും കരിങ്കല്‍ ഭിത്തി കെട്ടിയിട്ടില്ല. കരാറുകാരും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കമാണ് നിര്‍മാണം പൂര്‍ത്തിയാകാത്തതിന് കാരണം. വയലില്‍ കെട്ടിക്കിടക്കുന്ന വെള്ളം തോടുവഴി ഒഴിവാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.  പദ്ധതി പൂര്‍ത്തിയാക്കാത്തത് കാരണം ആയിരക്കണക്കിന് ഏക്കര്‍ വയലുകള്‍ തരിശ് ഭൂമിയായി.
ആയഞ്ചേരി പൊക്ലാര്‍ത്ത് താഴ ചീക്കിലോട് യു.പി. സ്‌കൂള്‍ റോഡിന്റെ ടാറിങ് ജോലികള്‍ നടക്കാത്തതും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത റോഡ് സോളിങ് കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ടാറിങ്ങിന് ഫണ്ട് അനുവദിക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജില്ലയില്‍ മറ്റു റോഡുകളുടെ വികസനത്തിന് ഫണ്ട് അനുവദിച്ചപ്പോള്‍ ഈ റോഡിനെ അവഗണിക്കുകയായിരുന്നു.
തലപ്പൊയില്‍മുക്ക്-സ്‌കൂര്‍ റോഡ്, തിരുവള്ളൂര്‍, ആയഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന എം.എല്‍.എ റോഡ്, തോടന്നൂര്‍-ചെമ്മരത്തൂര്‍ റോഡ്, മാങ്ങോട് -അറപ്പീടിക റോഡ് എന്നിവ തകര്‍ന്നുകിടക്കുകയാണ്.


 

Read more...

തണ്ണീര്‍പന്തലില്‍ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് ബഹിഷ്‌കരിക്കുന്നു

നാദാപുരം: ആയഞ്ചേരി പഞ്ചായത്തിലെ തണ്ണീര്‍പന്തല്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയായി പുറമെനിന്നുള്ള ആളെ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ വോട്ട് ബഹിഷ്‌കരിക്കുന്നു. തണ്ണീര്‍പന്തല്‍ ടൗണ്‍ മുതല്‍ കാവുങ്കല്‍ പോസ്‌റ്റോഫിസ് വരെയുള്ള ഭാഗത്തെ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് വാര്‍ഡ് ലീഗ് പ്രസിഡന്റ് കാട്ടില്‍ സാജിദ് അറിയിച്ചു. വാര്‍ഡിന്റെ ഭൂരിഭാഗം പ്രദേശം ഉള്‍ക്കൊള്ളുന്ന സ്ഥലത്തുനിന്നാണ് ബഹിഷ്‌കരണ ഭീഷണി.
സ്ഥാനാര്‍ഥിയായി പഞ്ചായത്ത് ലീഗ് സെക്രട്ടറി കാട്ടില്‍ മൊയ്തുവിനെയായിരുന്നു വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചിരുന്നതത്രെ. എന്നാല്‍, പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ കുനിങ്ങാടുനിന്നുള്ള ആളെ കൊണ്ടുവന്ന് സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്ന് പറയുന്നു.
ലീഗ് പഞ്ചായത്ത് കമ്മിറ്റിയാണ് ഇതിനുപിന്നിലത്രെ. സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന മൊയ്തുമാസ്റ്ററെ നിര്‍ബന്ധിച്ച് പിന്‍വലിപ്പിക്കുകയും ചെയ്തു.
വാര്‍ഡിലെ പ്രവര്‍ത്തകര്‍ക്കുള്ള  പ്രതിഷേധം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും ഏകപക്ഷീയമായ അടിച്ചേല്‍പിക്കല്‍ തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം.

Read more...

യു.ഡി.എഫ് ചര്‍ച്ച വീണ്ടും പരാജയം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക 25ന്

ആയഞ്ചേരി: സീറ്റ് വിഭജന ചര്‍ച്ച നാലാംവട്ടവും പരാജയപ്പെട്ടതോടെ ആയഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് പ്രതിസന്ധി രൂക്ഷമായി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയാണ് കോണ്‍ഗ്രസും ലീഗും വിട്ടുവീഴ്ച ചെയ്യാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടത്. ഇനി ജില്ലാ തലത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. ഇതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല.
കടമേരി, കാമിച്ചേരി സീറ്റുകള്‍ മുസ്‌ലിംലീഗ് ആവശ്യപ്പെട്ടതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നറിയുന്നു.  കൈയിലുള്ള ഈ സീറ്റുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസിനും താല്‍പര്യം ഇല്ല.
അതിനിടെ, ജയസാധ്യതയുള്ള ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പേര് 25ന് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പത്തംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കടമേരി, കാമിച്ചേരി, കടമേരി വെസ്റ്റ്, മുക്കടത്തുംവയല്‍, മിടിയേരി എന്നീ പഞ്ചായത്ത് സീറ്റിലെയും കടമേരി, പൊന്‍മേരി എന്നീ ബ്ലോക്് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെയാണ്  സമിതി തീരുമാനിക്കുക.
ഇതില്‍ മുക്കടത്തുംവയല്‍ ഒഴിച്ച് ബാക്കിയെല്ലായിടത്തും വനിതാ സംവരണമാണ്. മുക്കടത്തുംവയലിലെ സ്ഥാനാര്‍ഥി നിര്‍ണയമായിരിക്കും കമ്മിറ്റിയെ ഏറെ കുഴക്കുക. ഇവിടെ മത്സരിക്കാന്‍ കെ.എം. വിജയന്‍, എന്‍. അബ്ദുല്‍ ഹമീദ്, ടി.എന്‍. അബ്ദുല്‍ നാസര്‍, സുപ്രസാദന്‍ എന്നിവരുടെ പേരുകളാണ്  കമ്മിറ്റിയുടെ മുമ്പിലുള്ളത്. ഇതില്‍ നാസറിനേ, സുപ്രസാദിനോ നറുക്ക് വീഴാനാണ് സാധ്യത. തര്‍ക്കം ഉണ്ടായാല്‍ ജില്ലാ കമ്മിറ്റിക്ക് വിടും.

Read more...
Next previous home
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP