>> Sunday 4 September 2011

        വിവാദത്തിലേക്ക് സിക്‌സര് ‍പറത്തി                  ഗിബ്‌സിന്റെ ആത്മകഥ

വിവാദത്തിലേക്ക് സിക്‌സര്‍ പറത്തി ഗിബ്‌സിന്റെ ആത്മകഥ

തീപാറുന്ന പന്തുകള്‍ അനായാസമായി ബൗണ്ടറി കടത്തിവിടുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഹെര്‍ഷല്‍ ഗിബ്‌സിന്റെ ആത്മകഥ സാമാന്യ മര്യാദയുടെ ബൗണ്ടറി ലംഘിച്ച് വിവാദമാകുന്നു. 'എല്ലാം തുറന്നു പറയുന്ന സത്യസന്ധമായ വിവരണം' എന്ന് ഗിബ്‌സ് വിശേഷിപ്പിക്കുന്ന 'ടു ദ പോയന്റ്' എന്ന പുസ്തകമാണ് വിവാദത്തിന്റെ തീക്കാറ്റൂതുന്നത്. കഴിഞ്ഞ ദിവസമാണ് പുസ്തകം പുറത്തിറങ്ങിയത്. 1997-98ലെ ആസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടീമംഗങ്ങള്‍ നിരവധി സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതും മയക്കുമരുന്ന് ഉപയോഗിച്ചതും ഗിബ്‌സ് തുറന്നെഴുതുന്നു. മുഴുക്കുടിയനായിരുന്ന ഗിബ്‌സ് മദ്യപാന മുക്ത ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് സ്റ്റീവ് സ്മിത്തിന്റെ സഹായത്താല്‍ ആത്മകഥയെഴുതിയത്.
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നായകന്‍ ഗ്രേയംസ്മിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഉപജാപക സംഘമുണ്ടെന്നും ഗിബ്‌സ് പറയുന്നു. 2009ലെ ഐ.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമംഗം രാഹുല്‍ ദ്രാവിഡ് പരിഭ്രമത്തോടെയാണ് ബാറ്റ് ചെയ്തതെന്നും ഗിബ്‌സ് അഭിപ്രായപ്പെടുന്നു. ക്രിക്കറ്റ് താരങ്ങളുടെ മദ്യപാന ശീലവും ഈ താരം വിവരിക്കുന്നു. ഗിബ്‌സിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.
മിക്കി ആര്‍തര്‍ കോച്ചായ സമയത്ത് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് 'അതിശക്തനാ'യിരുന്നെന്ന് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മാര്‍ക്ക് ബൗച്ചര്‍, ജാക് കാലിസ്, എ.ബി. ഡിവില്ലിയേഴ്‌സ് എന്നിവര്‍ ചെറുസംഘമായി പ്രവര്‍ത്തിച്ചു. മുന്‍ നായകന്‍ ഹാന്‍സി ക്രോണ്യേ ഒത്തുകളി വിവാദത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിനു ശേഷം താന്‍ ഇന്ത്യയില്‍ ചോദ്യംചെയ്യല്‍ നേരിടാനൊരുങ്ങിയതിനെക്കുറിച്ചും ഗിബ്‌സ് പറയുന്നുണ്ട്. ദല്‍ഹി പൊലീസിലെ കമീഷണര്‍മാരിലൊരാള്‍ തനിക്ക് വധശിക്ഷ വാങ്ങിത്തരുമെന്ന് ഭീഷണിപ്പെടുത്തി. അന്നത്തെ ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ജോയന്റ് കമീഷണര്‍ രഞ്ജിത്ത് നാരായണിനെതിരായ പരാമര്‍ശത്തില്‍ താന്‍ നേരിട്ട് ക്ഷമ ചോദിച്ചു. തലേ ദിവസം ദല്‍ഹിയിലെ താജ് ഹോട്ടലില്‍ വെച്ച് ജര്‍മന്‍ വനിതയെ ചുംബിച്ചതും ഗിബ്‌സ് മറച്ചുവെക്കുന്നില്ല.
പുസ്തകം വായിച്ചിട്ടില്ലെന്നും ചില പരാമര്‍ശങ്ങള്‍ തനിക്കും ടീമംഗങ്ങള്‍ക്കും മുറിവേല്‍ക്കുന്നതായെന്നും യു.എ.ഇയിലുള്ള ഗ്രേയംസ്മിത്ത് പ്രതികരിച്ചു. തന്റെ ടീമംഗങ്ങള്‍ക്ക് കാമാസക്തിയുണ്ടായിരുന്നെങ്കില്‍ വിജയങ്ങളൊന്നും ടീമിനെ തേടിയെത്തുമായിരുന്നില്ല.
എല്ലാ ടീമുകളിലും കുറച്ച് സീനിയര്‍ താരങ്ങള്‍ ഒരുമിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാറുണ്ട്. ഗിബ്‌സ് വിവാഹമോചിതനായപ്പോഴും മദ്യപാനമുക്ത ചികിത്സയിലായപ്പോഴും ഞങ്ങള്‍ മാത്രമേ പിന്തുണക്കാനുണ്ടായിരുന്നുള്ളൂ. എന്തിനാണ് ഇങ്ങനെയൊക്കെ എഴുതിയതെന്ന് അവന് ഞാന്‍ എസ്.എം.എസ് അയച്ചിട്ടുണ്ട് -സ്മിത്ത് പറഞ്ഞു. ഗിബ്‌സിന് ടീമിലേക്ക് തിരിച്ചുവരാമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ഈ പുസ്തകത്തോടെ ഗിബ്‌സിന്റെ കരിയര്‍ അവസാനിക്കുമെന്ന് മുന്‍ നായകന്‍ കെപ്ലര്‍ വെസല്‍സ് അഭിപ്രായപ്പെട്ടു.

0 comments:

Next previous home
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP