>> Monday 5 September 2011

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ആയഞ്ചേരി

ആയഞ്ചേരി: ഗ്രാമപഞ്ചായത്തും പൊലീസ് അധികാരികളും ആവിഷ്‌കരിച്ച ടൗണ്‍ ഗതാഗത നിയന്ത്രണ പരിപാടി പാളി.   രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇതു കാരണം ടൗണില്‍ അനുഭവപ്പെടുന്നത്. വില്യാപ്പള്ളി റോഡിന് ആവശ്യമായ വീതിയില്ലാത്തതും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം പദ്ധതി നടപ്പാക്കിയത്.
ഇതുപ്രകാരം വാഹനങ്ങള്‍ നിര്‍ത്തേണ്ട സ്ഥലം അടയാളപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. തീക്കുനി ഭാഗത്തേക്കുള്ള ബസുകള്‍ കമ്യൂണിറ്റി ഹാളിന് സമീപവും കോട്ടപ്പള്ളി, വില്യാപ്പള്ളി വഴി വടകര ഭാഗത്തേക്ക് പോകേണ്ട ബസുകള്‍  പുതുശ്ശേരി ഹോട്ടലിന് സമീപവുമാണ് നിര്‍ത്തേണ്ടത്.
ഓട്ടോറിക്ഷകളും ടാക്‌സികളും നിര്‍ത്തേണ്ട സ്ഥലങ്ങളും അന്ന് നിര്‍ണയിച്ചിരുന്നു. ടൗണിലുണ്ടാകുന്ന തിരക്ക് കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പറ്റിയ തരത്തിലുള്ള പരിഷ്‌കാരങ്ങളായിരുന്നു ഇവ. എന്നാല്‍, ആദ്യത്തെ ഒന്നുരണ്ട് മാസങ്ങള്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നിലനിന്നെങ്കിലും പിന്നീട് ഡ്രൈവര്‍മാര്‍ തന്നെ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. ബസുകള്‍ ജങ്ഷനു സമീപം തന്നെ നിര്‍ത്തിയിടുന്നതും മറ്റു വാഹനങ്ങള്‍ തോന്നിയ സ്ഥലത്ത് പാര്‍ക്കുചെയ്യുന്നതുമാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ദിവസവും അഞ്ചും ആറും തവണയാണ് കുരുക്കുണ്ടാകുന്നത്. ഇതോടൊപ്പം സംഘര്‍ഷങ്ങളും പതിവാണ്. കഴിഞ്ഞദിവസം ഉണ്ടായ ഗതാഗതക്കുരുക്കിനോടൊപ്പം ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ടൗണ്‍ പരിഷ്‌കരണം നടന്നപ്പോള്‍ വില്യാപ്പള്ളി റോഡിന് വീതികൂട്ടിയിരുന്നില്ല. തീക്കുനി റോഡിന് വീതികൂട്ടിയപ്പോള്‍  വില്യാപ്പള്ളി റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനോ റോഡ് വീതികൂട്ടാനോ അധികൃതര്‍ തയാറായില്ല. ഇവിടെ ചെലവഴിക്കേണ്ട ഫണ്ട് ആവശ്യമില്ലാത്ത സ്ഥലത്ത് ചെലവഴിക്കുകയാണ് ചെയ്തത്.

0 comments:

Next previous home
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP