ചരിത്രം
>> Sunday, 7 August 2011
സാമൂഹിക സാംസ്കാരിക ചരിത്രം
ഭൂമിയുടെ ഉടമസ്ഥാവകാശം കോവിലകങ്ങള്‍ക്കോ, നാടുവാഴിത്തറവാടുകള്‍ക്കോ ആയിരുന്നു. പുറമേരി കോവിലകം, കുറ്റിപ്പുറം കോവിലകം, കുറുക്കാട്ട്, മൂര്‍ച്ചിലോട്ട്, കോമത്ത് എന്നീ നാടുവാഴികളുടെ അധീനതയില്‍ ആയിരുന്നു ആയഞ്ചേരി. നാടുവാഴികള്‍ ഭീമമായ പാട്ടത്തിന് ചാര്‍ത്തിക്കാടുത്ത ഭൂമി കൈവശം വക്കുന്നവര്‍ കുടിയാന്മാരും, ഭൂമിയില്‍ പണിയെടുക്കുന്നവര്‍ അടിയാന്മാരും ആയിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പിലാവുന്നത് വരെ ഈ സംവിധാനം നിലവിലിരുന്നു. അടിയാന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിലാളികളെ ഭൂവുടമകള്‍ തങ്ങളുടെ ഭൂമിയില്‍ കുടില്‍ കെട്ടി താമസിപ്പിച്ചിരുന്നു. ഏത് സമയത്തും ഇവരെ കുടിയൊഴിപ്പിക്കാനുള്ള അവകാശം ജന്മിമാര്‍ക്ക് ഉണ്ടായിരുന്നു. ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടതിന്റെ ഭാഗമായി ആയഞ്ചേരിയിലും അതിന്റെ അനുരണനങ്ങള്‍ ദൃശ്യമായി. വിഷ്ണുഭാരതീയനും, കെ.കേളപ്പനും, വി.പി.കുഞ്ഞുരാമക്കുറുപ്പും കോണ്‍ഗ്രസ്സ് പ്രവര്‍ത്തനവുമായി ഈ പ്രദേശത്ത് ബന്ധം പുലര്‍ത്തിയിരുന്നു. ജാതി സമ്പ്രദായം ശക്തിയായി ഈ പ്രദേശത്ത് നിലനിന്നിരുന്നു. ഹിന്ദുക്കളിലെ ഉപജാതികള്‍ തമ്മില്‍ ശക്തമായ അയിത്തം നിലനിന്നിരുന്നുവെങ്കിലും ഇസ്ളാം മതവിശ്വാസികള്‍ അതിന് അതീതരായിരുന്നു. ശക്തമായ ഫ്യൂഡലിസ്റ്റുകളായിരുന്നു നാടുവാഴികളെങ്കിലും നാടിന്റേയും നാട്ടുകാരുടേയും കാര്യത്തില്‍ അവര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. വഴിയാത്രക്കാര്‍ക്ക് തണ്ണീര്‍ പന്തലുകള്‍ സ്ഥാപിച്ചതും ഭാരം ചുമക്കുന്നവര്‍ക്കു വേണ്ടി ചുമടുതാങ്ങികള്‍ നിര്‍മ്മിച്ചതും മൃഗങ്ങള്‍ക്ക് വേണ്ടി കരിങ്കല്‍ നിര്‍മ്മിതമായ ജലപാത്രങ്ങള്‍ സ്ഥാപിച്ചതുമെല്ലാം ഇതിനുദാഹരണങ്ങളാണ്. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1892-ല്‍ കിളിയമ്മല്‍ ശങ്കരന്‍ ഗുരുക്കള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ആയഞ്ചേരി എല്‍.പി.സ്കൂള്‍ ആണ്. ലോകപ്രസിദ്ധനായ വി.കെ.കൃഷ്ണമേനോന്‍ ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. മുസ്ളീം സമുദായത്തില്‍ വിദ്യാഭ്യാസം വ്യാപകമാക്കാന്‍ മുന്‍കൈയെടുത്തത് തറക്കണ്ടിയില്‍ ഓര്‍ എന്നറിയപ്പെട്ടിരുന്ന തറക്കണ്ടിയില്‍ അബ്ദുറഹിമാന്‍ മുസ്ലിയാരും, ആയഞ്ചേരി കെ.കെ.എം.ജമാലുദ്ദീന്‍ മൌലവിയും, കടമേരി ചിറക്കല്‍ ഓര്‍ എന്നറിയപ്പെടുന്ന ചിറക്കല്‍ അബ്ദുറഹിമാന്‍ മുസ്ലിയാരും ആയിരുന്നു. മുസ്ളീം വിദ്യാര്‍ത്ഥികള്‍ക്ക് ഭൌതിക പാഠങ്ങളോടൊപ്പം മതപഠനവും അനുവദിച്ചുകൊണ്ടുള്ള ഓത്തുപള്ളികള്‍ അക്കാലത്തുണ്ടായിരുന്നു. ഇത്തരം വിദ്യാലയങ്ങളില്‍ എല്ലാ മതസ്ഥരായ വിദ്യാര്‍ത്ഥികളും പഠിച്ചിരുന്നു എന്നത് അക്കാലത്ത് നിലനിന്ന മതമൈത്രിയുടെ നിദര്‍ശനമായിരുന്നു. ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിന് സൌകര്യമുണ്ടാക്കിയ ഏക വിദ്യാലയം ഇന്നത്തെ കടമേരി യു.പി.സ്കൂളും ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സൌകര്യം ഉണ്ടാക്കിയത് ആയഞ്ചേരി റഹ്മാനിയാ ഹൈസ്കൂളും ആയിരുന്നു. പഴയകാലത്ത് ചില കുടില്‍ വ്യവസായ സംരംഭങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ എടുത്തു പറയാവുന്നത് ആയഞ്ചേരി കടമേരി തേര് കേന്ദ്രീകരിച്ച് കൊണ്ടുള്ള കൈത്തറി വ്യവസായമായിരുന്നു. പഞ്ചായത്തിന്റെ ചിലഭാഗങ്ങളില്‍ കളിമണ്‍പാത്ര നിര്‍മാണവും ഉണ്ടായിരുന്നു. അനൌപചാരിക വിദ്യാഭ്യാസം എന്ന രീതിയില്‍ കോവിലകങ്ങളിലും ജന്മിമാരുടെ തറവാടുകളിലും അക്ഷരാഭ്യാസത്തിനുള്ള സൌകര്യം 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ നിലവിലുണ്ടായിരുന്നു. വിവിധ ജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിച്ചിരുന്ന ഈ എഴുത്തുപള്ളി സ്ഥാപിച്ചതു കിളിയമ്മല്‍ ശങ്കരന്‍ ഗുരുക്കള്‍ ആയിരുന്നു. നിലത്തെഴുത്തായിരുന്നു അന്നത്തെ അഭ്യസന രീതി. നിലത്തു മണല്‍ വിരിച്ചു വിരല്‍ കൊണ്ടു മണലില്‍ എഴുതുന്ന രീതിയാണു നിലത്തെഴുത്ത്. കടലാസ് പ്രചാരത്തില്‍ ഇല്ലാത്തതു കൊണ്ട് എഴുത്തോലയും എഴുത്താണിയും ഉപയോഗിച്ചു പോന്നു.
ഗതാഗത ചരിത്രം
19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഗ്രാമപ്രദേശത്തെ ഗതാഗത കാര്യത്തില്‍ അക്കാലത്തെ നാടുവാഴികള്‍ പരിമിതമായെങ്കിലുമുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഗതാഗത മാര്‍ഗ്ഗമാണ് വടകര-വില്ല്യാപ്പള്ളി-ചാലക്കോട് റോഡ്. ഈ റോഡ് നിര്‍മ്മാണം ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ഐതിഹ്യമുണ്ട്. കുറുക്കാട്ട്-മുച്ചിലോട്ട് തറവാടുകളെ ബന്ധിപ്പിക്കുന്നതിന് പ്രസ്തുത തറവാട്ടുകാര്‍ കുറുക്കാട്ട് താഴ മുതല്‍ ആലാറ്റിന്‍ താഴ വരെ റോഡ് നിര്‍മ്മിച്ചുവത്രെ. ആയഞ്ചേരി-ചേരാപുരം പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ വസ്തുക്കളുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ പഴയ തറവാട്ടുകാര്‍, അവരവരുടെ വകയായി പാലങ്ങള്‍ നിര്‍മ്മിച്ചതായി പറയപ്പെടുന്നു. ഇപ്പോഴത്തെ തുലാറ്റുനടയില്‍ ആദ്യമായി പാലം പണിതത് പുതിയോട്ടില്‍ അമ്മ എന്ന സ്ഥാനപ്പേരുള്ള മാധവി അമ്മയാണ്. അതുപോലെ മാണിക്കോത്ത് താഴപ്പാലം ആദ്യമായി നിര്‍മ്മിച്ചത് മാണിക്കട്ട് തറവാട്ടുകാരായിരുന്നു. ഈ പാലം ഇപ്പോഴുള്ള പാലത്തിനു കുറച്ചകലെ കുനിയേന്‍ താഴ ആയിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന വാഹനം പല്ലക്കും (ഡോലിയ) മഞ്ചലും ആയിരുന്നു. പല്ലക്ക് നാടുവാഴികളുടെ ആവശ്യത്തിന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇവ ചുമക്കുന്നതിന് പ്രത്യേക വൈദഗ്ധ്യമുള്ള ആളുകള്‍ ഉണ്ടായിരുന്നു. ശ്രമകരമായ മഞ്ചല്‍ ചുമക്കലില്‍ ചുമക്കുന്നവര്‍ക്ക് ആശ്വാസകരമായ പ്രത്യേക രീതിയിലുള്ള മൂളല്‍ ഉണ്ടായിരുന്നു. ജനകീയ മുന്നറ്റത്തിന്റെ അടിസ്ഥാനത്തിലും പഞ്ചായത്തില്‍ പഴയകാലത്ത് ചില റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. തണ്ണീര്‍പന്തലില്‍ നിന്നും കടമേരി അമ്പലം വരെ ശ്രമദാനമായി റോഡ് നിര്‍മ്മിക്കാന്‍ വാഴയില്‍ പീടികയില്‍ പള്ളിക്കുട്ടി ഹാജി, കൊക്കമ്മല്‍ കണാരന്‍ തുടങ്ങിയവരും വാളൂരങ്കണ്ടി പീടിക മുതല്‍ നാളോം കൊറോല്‍താഴ വരെയുള്ള റോഡ് നിര്‍മ്മാണത്തിനു കാര്യാട്ട് അബ്ദുള്ളക്കുട്ടി, പുതിയോട്ടുകണ്ടി അപ്പുക്കുറുപ്പ് എന്നിവരും നേതൃത്വം നല്‍കിയിരുന്നുവത്രെ. നൂറുകണക്കിനാളുകള്‍ ഈ ശ്രമദാനത്തില്‍ പങ്കെടുത്തതായി പറയപ്പെടുന്നു. തണ്ണീര്‍പന്തല്‍ റോഡ് മുതല്‍ കടമേരി അമ്പലം വരെയുള്ള വീതികുറഞ്ഞ റോഡ് വീതികൂട്ടി നന്നാക്കാന്‍ 58-59 കാലഘട്ടത്തില്‍ കടമേരിയിലെ ഒരുപറ്റം അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്. പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ പൊക്ളാടത്ത് താഴ, തറമല്‍ താഴ, കുനിയേല്‍ താഴ, അരിതിരുത്തി, വാളാഞ്ഞി, കോതുരുത്തി, തുലാറ്റുംനട പോലുള്ള സ്ഥലങ്ങളില്‍ മുന്‍കാലങ്ങളില്‍ ബോട്ട്, തോണി മുതലായവ ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.

0 comments:
Post a Comment